2009, മേയ് 17, ഞായറാഴ്‌ച

പുഴ

എന്നും തനിയേ ആണ് ആ പുഴ ഒഴുകിക്കൊണ്ടിരുന്നത്...

പകലും രാത്രിയും മാറി മാറി വന്നു.... മഴക്കാലവും വേനല്ക്കാലവും മഞ്ഞുകാലവും മാറി മാറി വന്നു..... പുഴ അപ്പോളും തനിയേ ആയിരുന്നു.... ഒഴുക്കേറിയും കുറഞ്ഞുമിരുന്നു... പല പല ദിക്കുകളിലൂടെ പല പല തീരങ്ങളിലൂടെ ചിലപ്പോള്‍ ആര്ത്തലച്ചും പലപ്പോളും ശാന്തയായും അവള്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ച് പുതുതീരങ്ങള്‍ തേടി...

ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടുകൂടി കുലംകുത്തിയൊഴുകി അവള്‍ ചിലപ്പോള്‍ തന്‍റെ പ്രിയ ചങ്ങാതിമാരായ തീരങ്ങളെ ദു:ഖത്തിലാഴ്ത്തി എല്ലാം നക്കിത്തുടച്ച് എല്ലാരിലും എല്ലാറ്റിലും അഗ്നിയും കണ്ണീരും വാരി വിതറി അവള്‍ തന്‍റെ നിലനില്പ് തുടര്ന്നു....

പുഴ പലപ്പോഴും പഴികേട്ടുകൊണ്ടിരുന്നു... എല്ലാര്‍ക്കും പഴിചാരാനവള്‍ ഒരു ഉപകരണമായിരുന്നു....

കരകവിഞ്ഞൊഴുകുമ്പോള്‍ എല്ലാം സംഹരിച്ചൊഴുകുമ്പോള്‍ അവള്‍ ആര്‍ക്കും വേണ്ടാത്തവളായി... കാരണക്കാരായ കാലവര്ഷത്തേക്കാളേറെ... തുലാവര്ഷത്തേക്കാളേറെ... എല്ലാരും അവളെ പഴിപറഞ്ഞു... കാറ്റില്‍ കുത്തൊഴുക്കില്‍ വള്ളം മറിയുമ്പോള്‍... കയങ്ങളിലാണ്ട് പോകുമ്പോള്‍ കാറ്റിനേക്കാളേറെ അവള്‍ പഴികേട്ടു... പുഴയില്‍ മറിഞ്ഞെന്ന് ജനം പറഞ്ഞു... കുറ്റം പുഴക്ക്‍...

വേനല്ക്ക് കൈവഴികള്‍ വറ്റിവരണ്ട് മണല്‍ വാരി ഒഴിഞ്ഞ ഗര്ത്തങ്ങളില്‍ ഒളിക്കുമ്പോളും അവള്‍ പഴികേട്ടു... "വെള്ളം ഇല്ലാത്തതിന്"

ശാന്തമായൊഴുകുന്ന വസന്തത്തിലും അവള്‍ പഴികേള്‍ക്കാന്‍ വിധിക്കപ്പെട്ടവളായിരുന്നു...

കുത്തൊഴുക്കില്ലാതെ കാറ്റും കോളും ഇല്ലാതെ ശാന്തയായൊഴുകുന്ന അവളുടെ മാറിലെ മണല്‍ വാരി ഉണ്ടായ കുഴികളിലേക്ക്, തന്നെ പുല്കാനും... തിമിര്ത്തുല്ലസിക്കാനും വരുന്ന തന്‍റെ കുഞ്ഞുങ്ങളെ മാടിവിളിച്ച് കരകാണാ കയങ്ങളിലേക്കവള്‍ ആനയിച്ച് കൂട്ടിക്കൊണ്ടുപോയിരുന്നു...."ഇഷ്ടമില്ലാഞ്ഞിട്ടുകൂടി"

പഴിശരങ്ങള്‍ അവള്‍ ആവോളം കേട്ടു... അധികാര വര്‍ഗ്ഗം വിഷലിപ്തമായ കരങ്ങളാല്‍ ജീവന്‍റെ വില പണമായി വാങ്ങി മണലായി നല്കി പുഴയെ മെല്ലെ മെല്ലെ കൊന്നും പഴികേള്‍പ്പിച്ചുമിരുന്നു...

തന്‍റെ നിറം മാറുന്നത് അറിയാതിരുന്നില്ല അവള്‍... തെളിഞ്ഞ..., കണ്ണീര്‍ പോലെ സംശുദ്ധമായ തന്‍റെ ദേഹത്തില്‍ പുഴയുടെ കണ്ണുനീര്‍ മറയ്ക്കുവാനെന്നവണ്ണം ചുവപ്പും കറുപ്പും.... മഞ്ഞയും ഹരിതവര്ണ്ണവും പൂണ്ടൊഴുകി അവള്‍.... പുഴയുടെ നീരില്‍ വിഷം കലര്ന്നു... നിറഞ്ഞുണ്ടായിരുന്ന മത്സ്യസംഭത്ത് എങ്ങോ പോയ് മറഞ്ഞു... ശേഷിച്ചവ... അറിയാതവളുടെ മാറില്‍ വന്നെത്തിയവ പിടഞ്ഞ് പിടഞ്ഞ് ജീവന്‍ വെടിഞ്ഞ് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിപ്പിച്ച് ഒഴുകിക്കൊണ്ടിരുന്നു.... അവളുടെ ദുര്‍വിധിയുടെ പ്രതീകമായി.....

നീരാടുവാനും ആര്ത്തുല്ലസിക്കുവാനും ആരും വരാതായി പുഴയില്‍... വന്നവര്‍ക്കെല്ലാം അവള്‍ സമ്മാനം നല്കി... "ചൊറിയും ചിരങ്ങും മാറാവ്യാധികളും..."

അവളുടെ കരസ്പര്‍ശ്ശമേക്കുന്നിടമെല്ലാം പൊന്നുവിളഞ്ഞിരുന്ന പഴയ പ്രതാപകാലം പോയ് മറഞ്ഞു... എല്ലാം നിര്‍ജ്ജീവമായി കാട്ടുപുല്ലുപോലും കരിഞ്ഞുണങ്ങി.... പുഴയെ എല്ലാര്‍ക്കും പേടിയായി.... പുഴയുടെ മനസ്സാരും കണ്ടില്ല.... പുഴയുടെ സന്തോഷം ആര്‍ക്കും വേണ്ടായിരുന്നു.... എല്ലാവരും സ്വാര്ത്ഥന്മാരായിത്തീര്ന്നു...

പൂര്‍വ്വ പ്രതാപ കാലം സ്മൃതിയില്‍ നിറഞ്ഞ് പാവം പുഴ കണ്ണീരൊഴുക്കി... വിഷം കലര്ന്ന്‍ അതും കരിപൂണ്ട് അവളുടെ മാറില്‍ കലങ്ങി... ഒരിക്കല്‍ എല്ലാം വാരിക്കോരി കൊടുത്ത... പഞ്ഞകാലത്ത് മത്സ്യവും വേനല്ക്കാലത്ത് കുടിനീരും, എല്ലാരേയും തന്‍റെ മാറില്‍ താരാട്ട് പാടിയിരുന്ന ആ അമ്മയുടെ കണ്ണീര്‍ ദുരാഗ്രഹികളായ മക്കളാരും കണ്ടില്ല; കണ്ടില്ലെന്ന് നടിച്ചു.....

സ്വയം എങ്ങും പോയ് ഒളിക്കാനാകാതെ എല്ലാ കുറ്റങ്ങളും പേറി എല്ലാ അഴുക്കുകളും പേറി പാതി മൃതിയടഞ്ഞ അവള്‍ ആര്‍ക്കോ വേണ്ടി തന്‍റെ പ്രയാണം നിര്‍വിഗ്നം തുടര്ന്നു....