2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

അല്ലെങ്കില്‍തന്നെ ആര്‍ക്ക് വേണം...

ഒടുവില്‍ ഇവിടെനിന്നും ഒളിച്ചോടി രക്ഷപ്പെടാനുള്ള തീരുമാനം തന്നെ കൈക്കൊണ്ടു. അല്ലെങ്കില്‍ പിന്നെ അവനേക്കാളും വെറും മൂന്ന് വയസ്സ് മാത്രം ഇളപ്പമുള്ള എന്നെ ഇത്രമാത്രം അവന്‍ ഇടിക്കാമോ. ഇടിയെല്ലാം സഹിക്കാം താനും തിരിച്ച് കൊടുത്തുകുറച്ച്. കിട്ടിയതിന്‍റെ അത്ര വരില്ല എന്നാലും ഒരു സമാധാനമുണ്ട്. അതല്ലല്ലോ ഇപ്പോളത്തെ പ്രശ്നം. തന്നോട് മേലാല്‍ സൈക്കിളില്‍ തൊട്ടു പോകരുതെന്നല്ലേ കല്പന.
ഇത്രയും നാണംകെട്ട്, സഹിച്ച് ഇവിടെ നില്‍ക്കുന്നതിലും ഭേദം അങ്ങ് ചത്ത് കളഞ്ഞാലോ എന്നാണ് ആദ്യം ആലോചിച്ചത്.

പിന്നെ വേണ്ടാ എന്ന് വച്ചു. തീയിനൊക്കെ എന്താ ചൂട്, മുത്തമ്മാവന്‍ മരിച്ചപ്പോള്‍ തീയിലാ വച്ചെ, കഴിഞ്ഞമാസം മണ്ണണ്ണവിളക്കില്‍ നിന്നും കൈപൊള്ളിയപ്പോള്‍ തന്നെ എന്തായിരുന്നൂ ചൂട്, പോരത്തതിന് അവധിക്കാലമാണ് വരുന്നത് ഇപ്പോളെങ്ങാനും ചത്ത് കളഞ്ഞാല്‍ പിന്നെ ചെറിയമ്മാവന്‍ വന്ന് അങ്ങോട്ടേക്ക് അവനെ കൊണ്ടുപോയാലോ. അതെന്തായാലും വേണ്ട. അവനിവിടെ തന്നെ നിന്നാല്‍ മതി. ഇത്തവണ അവിടെ ചെന്ന് നീന്തല്‍ പടിക്കണമെന്നും ഉത്സവത്തിനുള്ള മുടിയേറ്റ് കാണണമെന്നും നേരത്തേതന്നെ തീരുമാനിച്ചതാണ്.
എന്നാലും സൈക്കിളില്‍ തൊട്ടു പോകരുതെന്ന് പറഞ്ഞല്ലോ. ഇനിയിപ്പോളെന്താ ഒരു വഴി. കാര്യം ശരി തന്നെ സൈക്കിളുന്തിക്കൊണ്ടു പോയപ്പോള്‍ അത് മറിഞ്ഞുവീണു എന്നത്. അപ്പോളാകുന്തത്തില്‍ പോറലെല്ലാം വീണത് ആരുശ്രദ്ധിച്ചു. ഞാനത് തൊട്ടിട്ടില്ല എന്ന് പറയാനായി നേരത്തേ ചിന്തിച്ച് കരുതി വച്ചിരുന്നതാണ് പക്ഷെ അതുപറഞ്ഞതാണ് അമ്മയുടെ കൈയ്യില്‍ നിന്നും വീക്കു കിട്ടാനുണ്ടായ പ്രധാന കാരണം, നുണ പറഞ്ഞതിന്...

അമ്മ ഇതെല്ലാം ശ്രദ്ധിക്കുമെന്ന് ആരു കണ്ടു. എന്നാലു ഒരുചെറിയ നുണക്ക് കവളന്‍ മടലുകൊണ്ട് അടിക്കാമോ. നാളെ എങ്ങനെ ഇനി ക്ലാസ്സില്‍ പോകും ആരെങ്കിലും ചോദിച്ചാലെന്ത് പറയും. ഒരിഞ്ച് വീതിയില്‍ കാലിലൊരുപാട് അടിവരുന്നത് മനസ്സിലായി ഓടി മറിഞ്ഞ് വീണ് മുട്ടിലെ പെയിന്‍റും അല്പം പോയിട്ടുണ്ട്.

പാന്‍റ് ഇന്നാണ് കഴുകിയിട്ടിരിക്കുന്നത് ഇനി അത് മറ്റന്നാളല്ലാതെ തൊട്ടാല്‍ അതിന് വേറെ കിട്ടും ജോഷിമാഷിന്റെ കൈയില്‍നിന്നും. അല്ലെങ്കില്‍ അതിട്ട് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. നാളെ ഡ്രില്‍ ഉള്ളതാണ്. ഡ്രില്ലിന് നിക്കറിടാതെ ചെന്നാല്‍ അങ്ങേരുടെ ചൂരല്‍ക്കഷായം സേവിക്കേണ്ടിവരുമെന്നുള്ളകാര്യത്തിലൊരു സംശയവുമില്ല. ശബരിമലക്കു മാലയിട്ടു എന്ന കള്ളം പറഞ്ഞ് കറുത്ത നിക്കറിട്ട് പോയ അന്ന് യൂണിഫോം ഇട്ടിട്ടില്ലാ എന്ന കാരണത്താല്‍ ഈരണ്ടെണ്ണമാണ് രണ്ടുകൈയിലുമായി സമ്മാനിച്ചത്. അന്ന് പ്രതിജ്ഞ എടുത്തതാണ് ഇനി എന്തു സംഭവിച്ചാലും യൂണിഫോം ഇടുന്ന സോറീ ഇടാതിരിക്കുന്ന പ്രശ്നമേ ഇല്ല എന്ന്. നമ്മളായിട്ടെന്തിനാ വെറുതെ അടി വാങ്ങിക്കൂട്ടുന്നത് നല്ല അടി വീട്ടില്‍ കിട്ടുമല്ലോ പിന്നെന്തിനാ ക്ലാസ്സില്‍ പോയി രമ്യയുടേയും രാധയുടേയും പിന്നെ ബാക്കിയുള്ളവരുടേയും മുമ്പില്‍ വച്ച് അത് മേടിച്ചെടുക്കുന്നത്.

ഒരുവഴിയും തെളിഞ്ഞുവരുന്നില്ല.... “ഒളിച്ചോടലൊഴികെ...“ “സൈക്കിള്‍ പഞ്ചറായിപ്പോട്ടെ... ചെസ്സ് കളിയില്‍ അവന്റെ റാണി എപ്പോളും വെട്ടിപ്പോട്ടെ... ക്രിക്കറ്റ് കളിക്കുമ്പോള്‍ ബാറ്റിങ്ങ് കിട്ടാതെപോട്ടെ... “ വട്ടപ്രാക്ക് പ്രാകി... ഇതെല്ലാം നടക്കാന്‍ അച്ഛന്‍റെ പോക്കറ്റടിച്ച് ഒരു രൂപ എടൂത്ത് വെടി വഴിപാടും കഴിക്കണമെന്നും നിശ്ചയിച്ചു അപ്പോളാണ് അത് ഓര്‍മ്മവന്നത് അതുകൊണ്ടാ പ്രോഗ്രാം വേണ്ടെന്നു വച്ചു... മിനിയാന്നാണ് ഗാന്ധിജിയുടെ കഥ വായിച്ചത്... അതില്‍ കളവ് ചെയ്യരുതെന്നാ വായിച്ചെ... ഇനി ഏതായാലും കുറച്ചുദിവസം കഴിഞ്ഞ് ഗാന്ധിജിയുടെ ഈ കഥ മറന്നുപോയിട്ട് അടിച്ചുമാറ്റാം....

അല്ലെങ്കില്‍ തന്നെ ആര്‍ക്ക് വേണം ആ പൊട്ട സൈക്കിള്‍ എന്ന് തീരുമാനിച്ച് കണ്ണീരും തുടച്ച് കിടക്കയില്‍ നിന്നും എഴുന്നേറ്റ് അടുക്കളയില്‍പ്പോയി രാവിലെ ഉണ്ടാക്കിയ ഇടിയപ്പം കട്ടഞ്ചായയില്‍ മുക്കിക്കഴിച്ച് അടച്ച് വച്ചിരുന്ന തേങ്ങയില്‍ ഒരുകാരും അല്ല രണ്ടു കാരും (ഒരുകാരലാണ് പ്ലാന്‍ ചെയ്തത് അമ്മ അടിച്ച ദേഷ്യത്തില്‍ രണ്ട് കാരലാക്കി പുനര്‍നിശ്ചയിച്ചതായിരുന്നു) കാരി ഉപ്പിലിട്ടുവച്ചിരുന്ന നെല്ലിക്കാഭരണി തുറന്ന് ഒന്നെടുത്ത് വായിലിട്ട് തൊട്ടു കിഴക്കേപ്പറമ്പില്‍ താമസിച്ചിരുന്ന കുഞ്ഞച്ഛന്‍റെ വീട്ടിലേക്ക് ഒളിച്ചോടി....

1 അഭിപ്രായം:

sivaprasad പറഞ്ഞു...

ithu nalla njerippan story thanne gadee