2009, ജനുവരി 2, വെള്ളിയാഴ്‌ച

മാ നിഷാദാ....

വിശന്നിട്ട് കണ്ണുകാണാതായപ്പോളാണ് താഴേക്ക് നോക്കിയത്. ഒരൊറ്റയെണ്ണം വന്നിട്ടില്ല. സാധാരണ ഈ നേരമാകുമ്പോഴേക്കും ആരെങ്കിലും രണ്ട് മൂന്ന്‍ പേര്‍ വരുന്നതാണ്. . . അല്ലെങ്കിലും ഉപകാരത്തിന് ഒരാളേയും ഒരു സാധനവും കിട്ടില്ല എന്നു പറയുന്നത് എത്ര ശരിയാണ്‌. . . ഒന്നാലോചിച്ചാല്‍ ഈ കൊച്ചുമുറിയില്‍ താങ്ങാനാകാവുന്നതിനേക്കാള്‍ ആള്‍ക്കാര്‍ ഇപ്പോള്‍ ഉണ്ട്. ഈരണ്ട് നിലയുള്ള മൂന്ന് കട്ടിലുകളാണ് ഇട്ടിരിക്കുന്നത്. ഈ ആറുപേരില്‍ ഒരുത്തനെങ്കിലും അല്പം നേരത്തേ വന്നൂടെ. . . തന്‍റെ സമയം ശരിയല്ല്ലാന്നു പറഞ്ഞാല്‍ മതിയല്ലോ. . .

ഓ. . .മറന്നു. ഇന്ന് വ്യാഴാഴ്ച ആണല്ലോ. . . ഇന്നിനി പാതിരാ കഴിഞ്ഞ് നോക്കിയാല്‍ മതി എല്ലാറ്റിനേയും. . . നാളെ അവധിയായത് കൊണ്ട് അവിടേയും ഇവിടേയും തെണ്ടി എപ്പോഴാണ് എഴുന്നള്ളത്ത് എല്ലാരുടേയും എന്ന് ആര്‍ക്കറിയാം. . . അല്ല ഇന്നിനി വന്നാലും പ്രയോജനം ഉണ്ടാകും എന്നു തോന്നുന്നില്ല. ആ ഇരുട്ട് ഗുഹയിലിരുന്ന് വയറുനിറയെ കള്ളും മോന്തി പുകയുടേയും പാകിസ്ഥാനികളുടേയും ബംഗാളികളുടേയും എന്തിന് ഇന്‍ഡ്യാക്കാരുടേയും തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ആള്‍ക്കാരുടെ വിയര്‍പ്പിന്‍റെ നാറ്റവും ഇടകലര്ന്ന്‍ ഒരു നാറ്റമായിരിക്കും എല്ലാറ്റിനും ഇന്ന് എന്തിന് ഈ മുറി മുഴുവനും അതേ നാറ്റമായിരിക്കും. . . .സഹിക്കുക തന്നെ അല്ലാതെന്താ തന്നെക്കൊണ്ടാവുക. . .

താനൊരിക്കലെ അവിടെ പോയിട്ടുള്ളു. ആരുടെ കൂടെയാണ് രമേശന്റെ കൂടെയോ അതോ. . . . അല്ല റസാക്കായിരുന്നു അന്ന് അവന്റെ കൂടെയാണ് പോയത്. . . ഈ മുറിയിലെ പുണ്യാളനാണ് അവന്‍ എന്നാ എല്ലാരും പറയുന്നത്. . . നിത്യവും അന്‍ച് തവണയുള്ള നിസ്കാരം റമദാന്‍ പുണ്യമാസത്തിലെ മുപ്പത് നോമ്പെടുക്കലും എല്ലാം കൂടി ചേര്ന്ന്‍ അവനൊരു പുണ്യാളന്റെ പ്രതിശ്ചായയാണ് അവിടുള്ളത്. . .കാര്യം തനിക്കല്ലേ അറിയൂ ഈ പുണ്യാളന്റെ തനിസ്വരൂപം. . . എല്ലാരും കൂടി ചേര്ന്ന്‍ കുപ്പി പൊട്ടിക്കുമ്പോള്‍ "ഞമ്മക്കിതിന്റെ മണം പിടിക്കൂലാ മാശെ. . . ഞമക്കിത് ഹറാമാണ്. . ." എന്ന് പറയുന്നവനാണ് അന്ന്. . .
s. . .എന്തൊക്കെയാ അന്ന് ആ ഇരുട്ട് ഗുഹയിരുന്ന് എന്തിനും തുനിഞ്ഞിറങ്ങിയിരിക്കുന്ന അവറ്റകളുമായി കള്ളും കുടിച്ച് പുകയും വലിച്ച് കാട്ടിക്കൂട്ടിയത്. . . അതാലോചിക്കുമ്പോഴെ തനിക്ക് ലജ്ജയാകുന്നു. . . ഒരിക്കലും അവനിങ്ങനൊക്കെ ചെയ്യുമെന്ന് സ്വപ്നത്തില്‍ കരുതിയതല്ല. . . അവനോട് തനിക്കൊരു പ്രത്യേക മമത തന്നെ ഉണ്ടായിരുന്നു. . . വിവിധതരം മദ്യത്തിന്റേയും പുകയുടേയും ശ്വാസം മുട്ടിക്കുന്ന മണം തന്റെ മൂക്കിന്റെ സിരകളുടെ എടപാട് തീര്‍ക്കും എന്ന് കരുതിയതായിരുന്നു. ഭാഗ്യത്തിന് അവനപ്പോഴേക്കും തിരികെ പോകാനായി എഴുന്നേറ്റു. . . സംഭവത്തിനു ശേഷം അവനെ കണ്ടാല്ഒഴിഞ്ഞ് മാറുകയായിരുന്നു താന്‍‍. . . .

ഇനി എല്ലാരും വന്നാല്‍തന്നെ എപ്പോഴാകും ഇന്ന് ഉറങ്ങാനായ് പോകുന്നതെന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. അതും ഈ പറഞ്ഞത് പോലെ കുറേ നേരം ടീവിയും കണ്ട് "പാതിരാപ്പടവും" കണ്ട്. . . വേണ്ട ഒന്നും ആലോചിക്കണ്ട. . . അത്രയും നേരം കഴിയുമ്പോളേക്കും എസി യുടെ തണുപ്പ് തന്‍റെ ഈ ചെറിയ ശരീരത്തെ ആക്രമിക്കാനും തുടങ്ങും. . . അങ്ങ് ആര്‍ട്ടിക്കയിലോ അന്‍റ്റാര്‍ട്ടിക്കയിലോ ജനിച്ച് വളര്ന്നപോലാണ് ചില അവന്മാര് തണുപ്പ് കൂട്ടി വക്കുന്നത്. . . അല്ലെ
ങ്കില്‍ തന്നെ മൂന്ന് നാലുമാസം നീളുന്ന തണുപ്പുകാലം കഴിച്ചുകൂട്ടി എടുക്കാന്‍ താന്‍ പെടാപ്പാട് പ്പേടുന്നത് ലവന്മാര്‍ക്കൊന്നും അറിയണ്ടല്ലോ. . . നല്ല തണുപ്പ് തുടങ്ങുന്നതിനുമുന്‍പ് ചുരുണ്ട് കൂടി ഉറങ്ങുന്നതാണ് ശീലം. . . .

തന്റ്റെ പ്രധാന ഭയം ഇതൊന്നുമല്ല, ഈ ചൂട്കാലത്ത് ഇത്രയും നേരം എസി ഇട്ടു വച്ചാല്‍ എന്തെ
ങ്കിലും സംഭവിക്കോന്നാണ് തന്റ്റെ പേടി. കഴിഞ്ഞവര്ഷം ഇതുപോലൊരു വേനല്ക്കാലത്താണ് മുറി തണുക്കാന്‍ എസി ഇട്ടുവച്ചിട്ട് പോയിട്ട് ആ എസിയുടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചത്. . .പകലായതിനാലും നാട്ടിലുള്ളവരുടെ പ്രാര്ത്ഥനകൊണ്ടുമായിരിക്കണം അന്ന് ആര്‍ക്കും അപകടങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നത്. പക്ഷെ പാവം രാകേഷ് നാട്ടിലേക്ക് കൊണ്ടോകാനായി വച്ചിരുന്ന, താന്‍ വന്നതിനുശേഷം ജനിച്ച തന്റ്റെ മകള്‍ക്കും ഭാര്യക്കും പിന്നെ എല്ലാര്‍ക്കും വേണ്ടി കരുതിവച്ചിരുന്ന കിട്ടിക്കൊണ്ടിരിക്കുന്ന എണ്ണിചുട്ട അപ്പത്തില്‍ നിന്നും കരുതി വച്ച് വാങ്ങിക്കൂട്ടിയ എല്ലാം അഗ്നി ശുദ്ധിയായി. . .മൂന്ന് ഫയര്‍ എന്‍ചിനുകള്‍ എത്രനേരം പരിശ്രമിച്ചിട്ടാണ് അന്ന് തീയണക്കാനായത്. . . അവന്റ്റെ പൊട്ടിക്കരയുന്ന ആ ചിത്രം തെളിമയോടെ ഇന്നും മനസിലുണ്ട്. . . പാവം. . .

താക്കോല്‍ദ്വാരത്തില്‍ ചാവി തിരിയുന്ന ശബ്ദം
ര്‍മകളില്‍ നിന്നും പതിയെ മുറിയിലെ കാളിമയിലേക്ക് കൊണ്ടെത്തിച്ചു. . . മുന്‍പ് താമസിച്ചിരുന്ന മുറിയില്‍ രാത്രിയായാലും നേര്ത്ത ജാലകവിരിയിലൂടെ തെരുവുവിളക്കിന്റെ പ്രകാശകിരണങ്ങള്‍ ഒഴുകി വീഴുമായിരുന്നു. അവിടെനിന്നും താമസം മാറുവാനുണ്ടായ പ്രധാന കാരണങ്ങളിലൊന്നും അതുതന്നെയായിരുന്നു. . . കറ കറ ശബ്ദത്തോടെ വാതില്‍ തുറക്കപ്പെട്ടു. . . നിശബ്ദതയില്‍ ആ ശബ്ദം വളരെ അലോസരമായി തോന്നിച്ചു. . . എങ്ങനെ ശബ്ദമില്ലാതിരിക്കും ആറേഴ് ആള്‍ക്കാര്‍ ഉപയോഗിക്കുന്നതല്ലെ പലരും പലതരക്കാരാണ്. എന്നാണ് എല്ലാം കൂടി അടര്ന്ന്‍ താഴേക്ക് പോകുന്നതെന്ന് നോക്കിയാല്‍ മതി.

എന്താണാവോ ഇന്ന് നേരത്തേ. സാധാരണ വ്യാഴാഴ്ച വളരെ വൈകിയാണല്ലോ എല്ലാവരും കൂടണയുന്നത്.
ഓ.... വീണ്ടും മറന്നു. നാളെ ഹനീഫ നാട്ടില്‍ പോകുവാണത്രെ. എയര്‍ ഇന്‍ഡ്യക്കാണ് ടിക്കറ്റെടുത്തിരിക്കുന്നത്. രാവിലെ പത്ത് മണിക്കാണ് വിമാനം പോകുന്നത്. "എടാ അത് നാളെ പത്ത് മണിക്ക് തന്നെ പോകുവോടാ" എന്ന് വിജയന്‍ ചോദിച്ചത് മുറിയില്‍ ചിരിയുടെ അലകള്‍ പരത്തിയിരുന്നു. കാരണം എപ്പോളും അത് വൈകിയാണത്രെ പോക്ക്. എന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമത്രെ. എന്നിട്ട് എപ്പോളും ഡിലേ ആയേ പോവുകയുമുള്ളൂ.

വിനിമയ നിരക്ക് കൂടിയതും ശംബളം വരുന്ന ബാങ്കില്‍ എന്തൊക്കെയോ ഇന്ഷുറന്സ് എന്നോ മറ്റോ പറഞ്ഞ് പൈസ കുറക്കുന്നതും എല്ലാം ചേര്ന്ന്‍ ഇനി നാട്ടില്‍ തന്നെ തങ്ങിയാലോ എന്നാണ് എല്ലാരുടേയും ആലോചന. പോരാത്തതിന് ഓവര്‍ റ്റൈം ജോലി ചെയ്താലും ശംബളത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനമെ അതിന്‍റെ കൂലി നല്കൂ അത്രെ അതാണ്‌ കമ്പനിയുടെ പോളിസി എന്ന്‍. "ആ പച്ച മാനേജറെ ഒരു പാമ്പ് പോലും കടിക്കുന്നില്ലല്ലോ... എത്ര വെള്ളിടി വെറുതെ പോകുന്നു.... ഒന്നെങ്കിലും ആ പഹയന്‍റെ തലേവീണൂടെ" എന്ന് എല്ലാരും ഇടക്കിടക്ക് പറയുന്നതും കേള്‍ക്കാം. എല്ലാരും കുറഞ്ഞ പ്രതിഫലത്തിന് ചൂടായാല്‍ കൊടും ചൂടും തണുപ്പായാല്‍ കൊടും തണുപ്പും സഹിച്ച് ഈ മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെടുന്നവരാണ്. അതൊക്കെ കൊണ്ട് അല്പം വൈകിയാലും ഇത്തരം ചെലവുകുറഞ്ഞ വിമാനത്തിലേ യാത്ര സാധ്യമാകൂ..... ചെലവുകള്‍ കൂടിവരുന്നതായാണെല്ലാരുടേയും പരാതി.... നാട്ടില്‍ പിന്നേയും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ടത്രെ.... ഇവിടാണെങ്കില്‍ അരലിറ്റര്‍ മിനറല്‍ വാട്ടറിനാണ് ഒരു ലിറ്റര്‍ പെട്രോളിനേക്കാള്‍ വില.....

തന്‍റെ ഈ മറവി പ്രായം കൂടിവരുന്നു എന്ന് തെന്നെയോര്മ്മിപ്പിക്കാനായി വരുന്നതാണ്.... ജീവിതമെന്തായാലും ഇവിടം കൊണ്ട് തീരും.... ഇനി എത്രനാള്‍ കൂടി ഉണ്ട് എന്ന് മാത്രം ചിന്തിച്ചാല്‍ മതി.....

താഴെ കലപില ശബ്ദങ്ങള്‍ ഉയര്ന്നു തുടങ്ങി... അതങ്ങനെ തന്നെയാണ് നിത്യവും... എല്ലാവരും വന്നുകഴിഞ്ഞാല്‍ പിന്നെ ഒരേ ശബ്ദകോലാഹലമായിരിക്കും ടീവിയുടേയും തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതും എല്ലാം ചേര്ന്ന്‍ ഒരു കുഴഞ്ഞുമറിഞ്ഞ ശബ്ദം.... എങ്ങനെ ഇല്ലാതിരിക്കും.... ഇത്രയും ആള്‍ക്കാര്‍ താമസിക്കുന്ന മുറിയല്ലെ.... ‌വീണ്ടും എന്തൊക്കേയോ വാങ്ങി കൂട്ടിയിട്ടുണ്ട്....രണ്ടുമാസം പണിയെടുത്ത കാശ് മുഴുവനും അതിനായി ചെലവായി എന്ന് ഹനീഫ മുസ്തഫയോട് പറയുന്ന കേട്ടു.... കള്ളമായിരിക്കാന്‍ വഴിയില്ല... അതിനുമാത്രം വാരി നിറച്ചിട്ടുണ്ട് രണ്ടുപെട്ടി നിറയെ..... "നാട്ടില്‍ ഇതേ കൂലിപ്പണി എടുത്തിരുന്നെ
ങ്കില്‍ ഇതിന്‍റെ ഒന്നും ഒരാവശ്യോമില്ലാന്നേയ്.... ഇതിപ്പം മാസാം മാസം പണവും പിന്നെ രണ്ടും മൂന്നും കൊല്ലം കൂടി പോകുമ്പം ഇജ്ജാതി നൂലാമാലയും പിന്നെ എയര്‍പ്പോര്‍ട്ടില്‍ ആ പരിശോദന ഈ പരിശോദന.... അതിന് ഡ്യൂട്ടി കൊടുക്ക് ഇതിന് ഡ്യൂട്ടി കൊടുക്ക്...... തീര്ന്നില്ല പിന്നെ ഇത്രയെല്ലാം കഴിഞ്ഞ് നാട്ടീ ചെന്നാലോ... അവനിപ്പം വല്ല്യാളായിപ്പോയില്ലേ..... എനിക്കൊന്നും തന്നില്ലാന്നുള്ള പരാതീം..... മതിയായി....ശരിക്കു...." ദു:ഖവും ആത്മരോഷവും കലര്ന്ന വാക്കുകള്‍ പെട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതിനിടയിലൂടെ ഒഴുകിയെത്തി......

ഒരു ചെറിയ പ്ലാസ്റ്റിക്ക് ബാഗിനുള്ളില്‍ നിന്നും ബാബു എന്തോ എടുത്ത് മേശയില്‍ വച്ചു.... അവനിത്ര സന്തോഷത്തില്‍ എന്തെ
ങ്കിലും ചെയ്യുന്നത് കണ്ടാല്‍ പേടിയാണ്... കഴിഞ്ഞമാസം ഇതുപോലെ ഒരു കവറിലിട്ടാണ് കുപ്പികൊണ്ടുവന്ന് ആഘോഷിച്ചത് എല്ലാരും കൂടി... അവന്‍റെ ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവമായിരുന്നു... അതിന്‍റെ ഒച്ചപ്പാടും ബഹളവും പാട്ടും തെറിവിളിയും.... തെറിവിളി എന്തോ വളരെ സ്നേഹത്തോടെ വിളിക്കുന്നപോലെ ആണ് എല്ലാര്‍ക്കും... പാക്കിസ്താനികളും പഞ്ചാബികളും എല്ലാം വെറുതെ സംസാരിക്കുന്നതുതന്നെ മാ_____ ബഹന്‍_____ എന്നും തുടങ്ങിയാണ്.... കേട്ടാല്‍ അറയ്ക്കുന്ന ഇത്തരം വാക്കുകള്‍ കേട്ട് കേട്ട് ചെ‌വി ഇപ്പോള്‍ തഴമ്പിച്ചുകഴിഞ്ഞിരിക്കുന്നു.... മുറിമുഴുവനും പുകച്ചുരുളില്‍ മൂടിത്തുടങ്ങി... കല്യാണം കഴിഞ്ഞ് പത്ത് വര്ഷത്തിനുശേഷാത്രെ കുട്ടിയായത്... അതുതന്നെ പണം കൊടുത്ത് ഫ്രീ വിസാ എടുത്ത് പുറത്ത് വേറെ ഒരു ഫാമിലിയുടെ കൂടെ ഷയറിംഗിനു താമസിച്ച് അഞ്ചാറ് മാസം കഴിഞ്ഞാണ് ആയതുതന്നെ... അതെല്ലാം കൊണ്ടാണ് പുകയും എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ ബ്ലാങ്കറ്റിന്‍റെ അടിയില്‍ കൂടിയത്... ഇന്നും അന്നത്തെപ്പോലെ അതിനുള്ള പുറപ്പാടാണോ.....

... ഇത് റൂം സ്പ്രേയോ മറ്റോ ആണെന്ന് തോന്നുന്നു. എന്തിനാണിവര്‍ ഈ വിഷമെല്ലാം ശ്വസിച്ച് കൂട്ടുന്നെ എന്ന് മനസിലാകുന്നില്ല. ഇന്ധനത്തിന് വിലകമ്മി ആയതുകൊണ്ട് നിരത്തില്‍ ആളുകളേക്കാള്‍ വാഹനവും അതിന്‍റെല്ലാം പുകയും ഫാക്‍റ്ററികളിലെ പുകയും എന്തിന് ഫാക്‍റ്ററിപൊലെ എപ്പോളും പുകച്ചുകൊണ്ട് നടക്കുന്ന ആള്‍ക്കാരും ചേര്ന്ന്‍ അന്തരീക്ഷത്തില്‍ ഇപ്പോളേ വേണ്ടതിലേറെ വിഷമുണ്ട്... അത് ശ്വസിക്കുന്നത് പോരാഞ്ഞിട്ടാകും ഈ കെമിക്കല്‍ ശ്വസിച്ച് കേറ്റുന്നത്... ഇപ്പോളേ ഹൃദയം കരിപിടിച്ചിട്ടുണ്ടാകും എല്ലാരും പത്തും പതിനഞ്ചും വര്ഷമായവരാണ് ഗള്ഫില്‍. കഴിഞ്ഞ വര്ഷം തന്നെ ആണ് ഇവിടുന്ന് മൂന്നാമത്തെ മുറിയിലെ ശ്രീലങ്കക്കാരന്‍ ഗണേശന് ഹൃദയാഘാതം വന്ന് പ്പറേഷന്‍ നടത്തിയത്. മൊത്തം അഞ്ച് ബ്ലോക്കുകള്‍ ഉണ്ടായിരുന്നത്രെ... എങ്ങനെ ഉണ്ടാകാതിരിക്കും ഫ്രീയായി കിട്ടുന്നെന്നുകരുതി കൊഴുപ്പുനിറഞ്ഞ ഭക്ഷണം അടിച്ച് വിടും എല്ലാരും. പിന്നെ പോരാത്തതിന് പുകവലിയും ചുണ്ടില്‍ നിന്നും എടുക്കില്ലായിരുന്നു സിഗരറ്റ്... അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം ഞാനൊരു ഒന്നരപാക്കറ്റെങ്കിലും നിത്യവും വലിക്കും എന്ന്... എന്തായാലും അതിന് മതിയാവോളം കിട്ടി... എന്നാലും ഇത്തിരി മനുഷ്യപറ്റുള്ളവനായിരുന്നു.... പതിനെട്ട് വര്ഷത്തോളമായത്രെ ഇവിടെ ഗള്ഫില്‍... ഉണ്ടാക്കിയ അത്ര പണവും പണ്ടവും എല്ലാം പണയം വച്ചും വിറ്റുമൊക്കെ ആണ് ചികിത്സ നടത്തിയത്... ആറുമാസത്തോളം നാട്ടില്‍ നിന്നിട്ടാ ആള് തിരിച്ച് ഇവിടെ വന്നത്.. ഇനി കടം വാങ്ങിയത് തീര്‍ക്കാന്‍ എത്രകാലം വേണ്ടിവരും എന്നറിയില്ല എന്നിടക്കിടെ പറയുന്ന കേള്‍ക്കാം... ഇതിനി ചിലപ്പോള്‍ മദ്യപിച്ചതിന്‍റെ മണം പോകുന്നതിനുവേണ്ടി അടിക്കാന്‍ വാങ്ങിയതായിരിക്കും... നാശം വിധി സഹിക്കുക തന്നെ.... അത്ര മണമാണെങ്കില്‍ പിന്നെ അത് കുടിക്കാതിരുന്നാല്‍ പോരെ....
* * * * *
പെട്ടി കെട്ടലെല്ലാം നേരത്തേ കഴിഞ്ഞത് കൊണ്ട് എല്ലാരും കിടക്കുവാനുള്ള തത്രപ്പാടിലാണെന്ന് തോന്നി... അതേതായാലും നന്നായി. മുറിയിലെ ചൂടിനെ എസിയുടെ തണുപ്പ് മെല്ലെ വിഴുങ്ങാനാരംഭിച്ചു... രണ്ട് റ്റ്യൂബും അണച്ച് കഴിഞ്ഞിരുന്നു... ഇനിയും അണയ്ക്കാത്ത ഒരു ബള്‍ബിന്‍റെ വെളിച്ചത്തില്‍ തണുപ്പടിക്കാതിരിക്കാന്‍ ബ്ലാങ്കറ്റിലേക്ക് പാലായനം നടത്തുന്നവരുടെ ഒരു അരണ്ടരൂപം കാണപ്പെട്ടു.... വെളിച്ചം തനിക്കത്ര പിടുത്തമല്ല എങ്കില്പോലും.....

എസി യുടെ മുഴക്കവും കിടന്ന ഉടന്‍ തന്നെ ഉറക്കത്തിലേക്ക്, ക്ഷീണം കാരണം വഴുതിവീണ പാവങ്ങളുടെ കൂര്‍ക്കം വലികള്‍ ഉയര്ന്നുതുടങ്ങി... പുറത്തെ ചൂടും എസിയുടെ തണുപ്പും കഴിച്ച വിഷവും എല്ലാം ചേര്ന്ന്‍ അവരെ ഗാഡ്ഡ നിദ്രയിലേക്ക തള്ളിയിട്ടതാകാനും മതി... എല്ലാരും വേഗം ഉറങ്ങും എന്ന് അറിയാവുന്ന കൊണ്ടും നാളെ പോകുന്നതുകൊണ്ടോ എന്തോ ഹനീഫ ഇന്ന് കഴിക്കാതിരിക്കുന്നത് കണ്ടതുകൊണ്ടോ എന്തോ ഇന്ന് അവനാകട്ടെ എന്‍റെ ഇര എന്ന്‍ മനസ്സില്‍ വിചാരിച്ച് അവന്‍റെ നേരേ പടപ്പുറപ്പാട് ആരംഭിച്ചു....

ഇഴഞ്ഞ് കട്ടിലില്‍ നിന്നും മുകളിലെത്തി അവന്‍റെ നേരേ മുകളിലെത്തി മുകളിലെ പിടി വിട്ടു. ലക്ഷ്യം തെറ്റിയില്ല നേരേ അവന്‍റെ ബ്ലാ
ങ്കറ്റിന്‍റെ മുകളില്‍ തന്നെ വീണു. കൂര്‍ക്കം വലിയുടെ ശബ്ദം കാരണം എല്ലാരും ചീത്തപറയുന്ന ഇവനിന്നെന്താ കൂര്‍ക്കം വലിക്കാത്തെ എന്ന്‍ സംശയം തോന്നാതിരുന്നില്ല... വിശപ്പ് എല്ലാ സംശയത്തേയും തല്ലി കെടുത്തുകയും ചെയ്തു... പിന്നെ കൂടുതലൊന്നും ആലോചിക്കാന്‍ നില്ക്കാതെ ബ്ലാങ്കറ്റിലേക്കൂളിയിട്ട് കാര്യത്തിലേക്ക് കടന്നു....

*****

"ശല്യം ഒന്നുറങ്ങാന്‍ സമ്മതിക്കില്ലല്ലോ, ഡാ.. എടാ... ആ ലൈറ്റൊന്നിട്ടേ" മുറിയിലാകെ പെട്ടന്ന് റ്റ്യൂബിന്‍റെ പാല്‍ വെളിച്ചം പരന്നു... ബ്ലാങ്കറ്റുമാറ്റപ്പെട്ടു. ഇരുട്ടില്‍ നിന്നും വെളിച്ചം കണ്ണിലടിച്ച് കണ്ണാകെ പുളിച്ചുവന്നു. ആ ഒരു നിമിഷത്തെ സംഭ്രമത്തില്‍ നിന്നും മോചിതനായി ഒളിക്കാനൊരു വിഫലശ്രമം നടത്തി നോക്കി.... ഇല്ല രക്ഷയില്ല... ഓരോരുത്തരായി ഉണര്ന്ന്‍ തുടങ്ങി... കൂര്‍ക്കംവലി ശബ്ദം കോലാഹലമായി മാറി അന്തരീക്ഷം... "ദാണ്ടെടാ ഇവിടെ അടിക്ക് നീ... എടുത്തില്ലെ ഇതുവരെ... അതിപ്പം പോകും.." എന്ത് എന്ത് പോകുന്ന കാര്യാണ് പറയുന്നെ ഒന്നും മനസ്സിലാകുന്നില്ല....

ആസ്പ്രേ എടുത്ത് ആരോ തന്‍റെ ശരീരത്തിലേക്ക് അടിച്ചു....


ഓഹ്.... ആഹ്.... ദേഹമാസകലം പൊള്ളലുണ്ടാക്കി അത്.... നിലവിളിക്കാന്‍ വായ് തുറന്നെ
ങ്കിലും ശബ്ദം പുറത്ത് വന്നില്ല... ‌വിറച്ച് വിറച്ച് ചുറ്റും നോക്കി... ഒരുവിളി ഒഴുകി വന്നത് പോലെ....
"മോനെ.....!!!! ആരാ.... എന്താ..... അമ്മയോ.... അമ്മേ... ആഹ്.... ഒരു നിലവിളി വീണ്ടും തൊണ്ടയില്‍ തടഞ്ഞു.... അമ്മ തന്നെ മാടി വിളിക്കുകയാണോ..... ‌വാടാ കുട്ടാ...!!!!!

കണ്ണുകള്‍ പൂര്ണ്ണമായടയുന്നതിനുമുന്നെ ആരുടേയോ ശാപങ്ങള്‍ കാതില്‍ പതിച്ചു.... "നാശം എത്രമരുന്നടിച്ചാലും തീരുന്നില്ലല്ലോ ഈ മൂട്ട ശല്യം.... എല്ലാം മാറ്റി നോക്ക് വിടരുത് ഒരൊറ്റയെണ്ണത്തിനെ...."

----------------



3 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

കഥയെഴുത്ത് രീതിയിലെ ഫസ്റ്റ് മാന്‍ റൈറ്റിഗ് രിതി,ഈ കഥയില്‍ നന്നായിരിക്കുന്നു

Sabu Kottotty പറഞ്ഞു...

എനിക്ക്‌ ഇഷ്ടപ്പെട്ടു... നന്നായി ആസ്വദിക്കേം ചെയ്തു...

പിള്ളേച്ചന്‍‌ പറഞ്ഞു...

good one..
:)